Home |Consumer Protection |
ഹോട്ടൽ/ റസ്റ്റോറന്റുകളിൽ നടപ്പാക്കേണ്ട ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് ?
ഹോട്ടൽ/ റസ്റ്റോറന്റുകളിൽ നടപ്പാക്കേണ്ട ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ മാനദണ്ഡങ്ങൾ എന്തൊക്കെയാണ് ?
Consumer Complaints & Protection, Regd. Organization for Consumer Rights
Answered on August 12,2020
Answered on August 12,2020
ഹോട്ടൽ/ റസ്റ്റോറന്റുകളിൽ നടപ്പാക്കേണ്ട ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ മാനദണ്ഡങ്ങൾ ഇവയാണ്.
- എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും FSSA 2006 അനുസരിച്ചുള്ള ലൈസൻസോ/ രജിസ്‌ട്രേഷനോ എടുത്തിരിക്കണം. കോപ്പി സ്ഥാപനത്തിൽ പ്രദർശിപ്പിക്കുകയും വേണം.
- അടുക്കളയും പരിസരവും അടർന്നുവീഴാത്ത രീതിയിൽ പ്ലാസ്റ്റർ ചെയ്ത് വൈറ്റ് വാഷ് ചെയ്ത് ചിലന്തിവല, മറ്റ് അഴുക്കുകൾ ഒന്നുമില്ലാതെ സൂക്ഷിക്കണം.
- അടുക്കള ഭാഗത്തുള്ള ഓടകളിലോ തറയിലോ ഒരു കാരണവശാലും വെള്ളം കെട്ടിനിൽക്കരുത്. കൊതുക്, പുഴുക്കൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകരുത്.
- അടുക്കളയിൽ നിന്നുമുള്ള ഖരമാലിന്യങ്ങൾ അടപ്പോടു കൂടിയ വേസ്റ്റ് ബിന്നുകളിൽ സൂക്ഷിക്കണം. ഇവ തുറന്നു വയ്ക്കാൻ പാടുള്ളതല്ല. തുറന്നുവച്ചിരിക്കുന്ന ജൈവമാലിന്യത്തിൽ നിന്നുള്ള ഈച്ച ആഹാരസാധനങ്ങളിൽ ചെന്നിരിക്കുവാൻ ഇടയാക്കുന്ന സാഹചര്യം ഒരിക്കലും അനുവദിക്കുന്നതല്ല. ബിന്നുകളിലെ മാലിന്യം ദിവസവും നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കണം.
- കക്കൂസുകൾ, കുളിമുറികൾ എന്നിവ അടുക്കള ഭാഗത്തുനിന്നും നിശ്ചിത അകലം പാലിക്കുന്നതും വൃത്തിയായി സൂക്ഷിക്കുന്നതുമാകണം.
- അടുക്കള ഭാഗം ഈച്ച കടക്കാത്ത വിധം നെറ്റുകൾ അടിച്ച് ബലപ്പെടുത്തുകയോ ഇലക്ട്രിക്ക്/ഇലക്‌ട്രോണിക്ക് ഫ്‌ളൈ ട്രാപ് ഉപയോഗിക്കുകയോ ചെയ്യണം.
- ഡ്രെയിനേജ് പൂർണ്ണമായി അടച്ചിരിക്കണം. ഒരു കാരണവശാലും മലിനജലം ഹോട്ടലിന് അകത്തോ പുറത്തോ കെട്ടികിടക്കരുത്
- ഹോട്ടൽ /റെസ്റ്റാറന്റ് ഉടമകൾ ഭക്ഷണം തയ്യാറാക്കുന്നതിന് അസംസ്‌കൃത പദാർത്ഥങ്ങൾ ആരിൽ നിന്നാണോ വാങ്ങുന്നത് അവരുടെ ഒരു രജിസ്റ്റർ തയ്യാറാക്കണം. ഭക്ഷത്തിന്റെ നിർവചനത്തിൽ വരുന്ന അസംസ്‌കൃത പദാർത്ഥങ്ങൾ സപ്ലൈ ചെയ്യുന്ന ഫൂഡ് ബിസിനസ്സ് ഓപ്പറേറ്റർമാർക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള രജിസ്‌ട്രേഷനോ ലൈസൻസോ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.
- ഭക്ഷണ സാധനങ്ങൾ തയ്യാറാക്കുന്നതും സംഭരിക്കുന്നതുമായ പരിസരം ശുചിത്വ പൂർണ്ണമായ അന്തരീക്ഷം നിലനിർത്തുന്നതിനാവശ്യമായ സ്ഥലസൗകര്യങ്ങളോടു കൂടിയതായിരിക്കണം.
- തറയും ചുമരും സീലിംഗും ഭദ്രമായതും പൊട്ടിപൊളിയാത്തതും വൃത്തിയാക്കാൻ എളുപ്പമുള്ള മിനുസമുള്ള പ്രതലത്തോടുകൂടിയതുമായിരിക്കണം
- സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. അതിനുള്ള കെമിക്കൽ, മൈക്രോബയോളജിക്കൽ പരിശോധന അംഗീകൃത ലാബുകളിൽ ടെസ്റ്റിന് വിധേയമാക്കി രേഖകൾ സൂക്ഷിക്കേണ്ടതാണ്.
- എല്ലാ ഉപകരണങ്ങളും പാത്രങ്ങളും കൃത്യമായ അടപ്പുകളോടെയും ഈർപ്പമില്ലാതെയും ഉണക്കി സൂക്ഷിക്കണം. അതുവഴി പൂപ്പലിന്റെയും കീടങ്ങളുടെയും വളർച്ച തടയുന്നത് ഉറപ്പ് വരുത്തണം.
- ആഹാര സാധനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികൾക്കും പകർച്ച വ്യാധി ഉണ്ടോ ഇല്ലയോ എന്ന് പരിശോധിച്ച്, പരിശോധനാ റിപ്പോർട്ടുകൾ എല്ലാ ഹോട്ടലുകളിലും സൂക്ഷിക്കണം. കൂടാതെ മെഡിക്കൽ സർജനിൽ കുറയാത്ത ഗവൺമെന്റ് ഡോക്ടർ നിയമാനുസൃതം നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റും എല്ലാ തൊഴിലാളികൾക്കും ഉണ്ടായിരിക്കണം.
- പകർച്ച വ്യാധികൾ ഉള്ള തൊഴിലാളികളെ ജോലിയിൽ നിന്നും മാറ്റി നിർത്തേണ്ടതാണ്. മുറിവോ, വൃണങ്ങളോ ഉണ്ടെങ്കിൽ കൃത്യമായി കെട്ടിവെക്കുകയും ഭക്ഷണ സാധനങ്ങളുമായി അടിത്തിടപഴകുന്നത് ഒഴിവാക്കുകയും വേണം.
- ശരീരഭാഗങ്ങളിലോ, തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. കൃത്രിമ നഖങ്ങളും ഇളകുന്ന തരത്തിലുള്ള ആഭരണങ്ങളോ ഭക്ഷണം പാകം ചെയ്യുന്നവർ തത്സമയത്ത് ഒഴിവാക്കേണ്ടതാണ്.
- ചവയ്ക്കുക, തിന്നുക, പുകവലിക്കുക, തുപ്പുക, മൂക്ക് ചീറ്റുക തുടങ്ങിയ കാര്യങ്ങൾ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് കർശനമായും ഒഴിവാക്കണം.
- കീടനാശിനികളും അണുനാശിനികളും ഭക്ഷണസാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലത്തുനിന്നും ദൂരെയായി സൂക്ഷിക്കണം.
- പാചകം ചെയ്യാതെ കഴിക്കുന്ന ആഹാരസാധനങ്ങൾ എല്ലാം (സാലഡ്, ഭക്ഷണം അലങ്കരിക്കുന്ന പാകം ചെയ്യാത്ത റെഡി-ടു-ഈറ്റ് പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ) വൃത്തിയായി കഴുകി വേണം ഉപയോഗിക്കേണ്ടത്
- പൊരിക്കാനുപയോഗിക്കുന്ന എണ്ണ/ കൊഴുപ്പ് ഇവയ്ക്ക് നിറം മാറിയാൽ ഉടൻ ഉപേക്ഷിക്കണം.
- വൃത്തിയുള്ള ഉപകരണങ്ങളും പാത്രങ്ങളും വേണം ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും ഉപയോഗിക്കേണ്ടത്
- കഴുകാനും സംസ്‌കരണത്തിനും ഉപയോഗിക്കുന്നത് ശുദ്ധജലം ആയിരിക്കണം. ശുദ്ധജലം ഉപയോഗിച്ച് നിർമ്മിച്ച ഐസ് മാത്രമേ ഉപയോഗിക്കാവൂ
- തുറസ്സായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യൽ/ സംസ്‌കരണം കൈകാര്യം ചെയ്യൽ ഇവ ഒഴിവാക്കണം
- റഫ്രിജിറേറ്റർ/ കോൾഡ് സ്റ്റോറേജ് റൂം ഇവ അമിതമായി നിറച്ചു വയ്ക്കരുത്. ഫ്രീസറിൽ ശരിയായ താപനില നിർത്തണം. (ചില്ലിംഗ് 5 ഡിഗ്രിയിൽ താഴെ) എല്ലാ വസ്തുക്കളും നന്നായി പൊതിഞ്ഞ് ലേബൽ ചെയ്ത് തീയതി രേഖപ്പെടുത്തിയിരിക്കണം.
- വാഷ്‌ബേസിൻ വൃത്തിയായി സൂക്ഷിക്കണം. അതിനകത്തോ പരിസരത്തോ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. വാഷ്‌ബേസിനടുക്കൽ കൈ കഴുകാനുള്ള സോപ്പ് സൂക്ഷിക്കണം.
- ഹോട്ടലിനകത്ത് തൊഴിലാളികളെ താമസിപ്പിക്കുവാൻ പാടില്ല. അവരുടെ വസ്ത്രങ്ങളും സൂക്ഷിക്കുവാൻ പാടില്ല.
- ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ വേഷം വൃത്തിയുള്ളതായിരിക്കണം.
- ഹോട്ടലിൽ കഴിക്കുവാൻ വരുന്ന പൊതുജനങ്ങൾക്ക് കൃത്യമായി ബില്ല് നൽകിയിരിക്കണം. ബില്ലിൽ ഹോട്ടലിന്റെ പേരും, ലൈസൻസ് നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, തീയതി ഇവ കൃത്യമായി കാണിച്ചിരിക്കണം
- എല്ലാ ഹോട്ടലുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ ക്യാഷ് കൗണ്ടറിൽ പൊതുജനങ്ങൾ കാണുന്ന വിധത്തിൽ പ്രദർശിപ്പിച്ചിരിക്കണം.
- ഹോട്ടലുകളിലെയും ഭക്ഷണശാലകളിലും ഭക്ഷണം വിളമ്പുന്ന മേശകൾക്ക് (Serving Table) വൃത്തിയുള്ള പ്രതലം ഉണ്ടായിരിക്കണം. പൊട്ടിപൊളിഞ്ഞതോ വൃത്തിയാക്കുവാൻ പ്രയാസമുള്ളതോ ആയ പ്രതലമുള്ള മേശകൾ നിർബന്ധമായും ഒഴിവാക്കണം.ഡൈനിംഗ് ഹാളിൽ വെള്ളം കെട്ടിക്കിടക്കുവാൻ അനുവദിക്കരുത്. ഭക്ഷണ അവശിഷ്ടങ്ങൾ, ചപ്പ് ചവറുകൾ എന്നിവ സമയാസമയം നീക്കം ചെയ്ത് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
- പാഴ്‌സൽ നൽകുവാൻ ഫുഡ് ഗ്രേഡ് പാക്കിംഗ് വസ്തുക്കൾ ഉപയോഗിക്കണം
- കൃത്രിമ നിറങ്ങൾ, നിരോധിക്കപ്പെട്ട മറ്റ് ചേരുവകൾ തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ പദാർത്ഥങ്ങൾ ഭക്ഷണസാധനങ്ങളിൽ ചേർക്കുവാൻ പാടില്ല
- ഐസ് സൂക്ഷിക്കുന്നതിന് തെർമ്മോകോൾ ഉപയോഗിക്കുവാൻ പാടില്ല. ഫ്രീസറിലോ വൃത്തിയുള്ള പാത്രങ്ങളിലോ ഐസ് ബോക്‌സുകളിലോ
- കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിക്കുവാൻ പാടില്ല
- നിയമപ്രകാരമുള്ള ലേബൽ വിവരങ്ങൾ ഇല്ലാതെ പാക്ക് ചെയ്തു ഭക്ഷണസാധനങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിക്കുവാൻ പാടില്ല