കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലിൻ്റെ സ്ഥാപനത്തെ കുറിച് വിവരിക്കാമോ ?
Answered on November 02,2020
വൈദ്യുതി ഉത്പാദനവും പള്ളിവാസലും
മണ്ണെണ്ണയ്ക്കും ഗ്യാസിനും പകരം തെരുവുവിളക്കുകള്‍ കത്തിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന് പ്രചോദനമായത് മൂന്നാറിലെ കണ്ണന് ദേവന് കമ്പനിയിലെ വൈദ്യുതി ഉത്പാദനമായിരുന്നു.
ആരംഭം
മദ്രാസ് സിവിൽ സർവീസിലെ എച്ച്. ഗ്രിബിൾ ടേർണറും സ്വന്തക്കാരനായ എ.ഡബ്ല്യു. ടേർണറും 1878ൽ കണ്ണൻ ദേവൻ മലനിരകളിലെത്തി. അവർ John Daniel Munro യുമായി (British Resident of the then Travancore kingdom) ചേർന്ന് നോർത്ത് ട്രാവൻകൂർ ലാൻഡ് പ്ലാൻ്റിങ് അഗ്രിക്കൾച്ചറൽ സൊസൈറ്റി സ്ഥാപിച്ചു പാട്ടത്തിനെടുത്ത് മലനിരകൾ അതിൻ്റെ കീഴിലാക്കി. പിന്നീട് അവർ 1897-ൽ സ്കോട്ട്ലാൻഡിൽ വച്ച് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി രജിസ്റ്റർ ചെയ്തു. ഈ കമ്പനി ആവശ്യത്തിനു വേണ്ടിയാണ് മുതിരപ്പുഴ നദീതടത്തിൽ കണ്ണൻ ദേവൻ അണകെട്ടി അവർ തിരുവിതാംകൂറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി തുടങ്ങിയത്. 1906 - ൽ കണ്ണൻ ദേവൻ കമ്പനി മൂന്നാറിൽ സ്ഥാപിച്ച 200 കിലോവാട്ട് ശേഷിയുള്ള വൈദ്യുതി നിലയമാണ് കേരളത്തിലെ ആദ്യ വൈദ്യുതി പദ്ധതി.
മണ്ണെണ്ണയ്ക്കും ഗ്യാസിനും പകരം തെരുവുവിളക്കുകൾ കത്തിക്കാനും മറ്റ് ആവശ്യങ്ങൾക്കും വൈദ്യുതി ഉത്പാദിപ്പിക്കാൻ തിരുവിതാംകൂർ സർക്കാരിന് പ്രചോദനമായത് മൂന്നാറിലെ കണ്ണൻ ദേവൻ കമ്പനിയിലെ വൈദ്യുതി ഉത്പാദനമായിരുന്നു. ഇതേപ്പറ്റി നടന്ന അന്വേഷണം 1920 മുതൽ തുടങ്ങി. ജലശക്തി ഉപയോഗിച്ചോ ഓയിൽ ഉപയോഗിച്ചോ വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് വിദഗ്ധർ സർക്കാരിന് നിര്‍ദേശം നല്കി.
1925 ൽ പള്ളിവാസൽ ജലവൈദ്യുതപദ്ധതിക്കുള്ള ശ്രമം സർക്കാർ തുടങ്ങി. എന്നാൽ പെട്ടെന്ന് വൈദ്യുതി ലഭിക്കാൻ ഓയിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള യന്ത്രങ്ങൾ വിദേശത്തു നിന്നും വരുത്തി. തിരുവനന്തപുരത്ത് 'പവർഹൗസ്' നിർമിച്ചു. ഇതിൻ്റെ നിർമാണം 1928 മാർച്ച് 17 ന് ആരംഭിച്ചു. 1929 ൽ പൂർത്തിയായി. ഇതിനു വേണ്ടിയുള്ള മൂന്നു ഡീസൽ എൻജിനുകൾ തൂത്തുക്കുടിയിൽ നിന്നാണ് തിരുവനന്തപുരത്ത് എത്തിച്ചത്. 1929 ഫിബ്രവരി 25ന് 'ശ്രീമൂലം പ്രജാസഭ'യുടെ രജതജൂബിലിയോടനുബന്ധിച്ച് ദിവാൻ എം.ഇ. വാട്ട്സ് ഇതിൻ്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുവിതാംകൂറിൻ്റെ പല പട്ടണങ്ങളിലും ഇതുപോലെ വൈദ്യുതിനിലയങ്ങൾ തുടങ്ങി. ഈ ഡീസൽ വൈദ്യുതിനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി അപര്യാപ്തമായപ്പോഴാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതിക്ക് 1933 - ൽ തിരുവിതാംകൂർ രാജകുടുംബം അനുമതി നൽകിയത്.
കണ്ണൻദേവൻ കമ്പനിയുടെ ഉടമസ്ഥതയിൽ ആറ്റുകാട് വെള്ളച്ചാട്ടത്തിൽ പ്രവര്‍ത്തിച്ചുവന്നിരുന്ന മിനി വൈദ്യുതിനിലയം 1928ൽ ഏറ്റെടുത്തതിനുശേഷമായിരുന്നു പള്ളിവാസൽ പദ്ധതിയുടെ തുടക്കം. പള്ളിവാസൽ പദ്ധതിക്ക് മുമ്പ് തന്നെ ഇടുക്കി പദ്ധതിയുടെ സാധ്യത പഠനങ്ങളും നിർദ്ദേശങ്ങളുമൊക്കെ നടത്തി 1919ൽ ഇറ്റലിക്കാരനായ ഒരു എഞ്ചിനീയർ തിരുവിതാംകൂർ സർക്കാരിന് സമർപ്പിച്ചുവെങ്കിലും തുടർ നടപടിയുണ്ടായില്ല. 1900-ൽ മൂന്നാറിൽ തേയിലത്തോട്ടവ്യവസായവുമായി ബന്ധപ്പെട്ട് വേരുറപ്പിച്ച ബ്രിട്ടീഷുകാരാണ് വെള്ളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനാകുമെന്ന സാങ്കേതിക വിദ്യ ആദ്യമായി പരിചയപ്പെടുത്തി വിസ്മയം പകർന്നത്. പിന്നീട് 1933ൽ മൂന്നാർ സന്ദർശിച്ച തിരുവിതാംകൂർ ദിവാൻ സർ.സി.പി. രാമസ്വാമി അയ്യരാണ് പൊതുമേഖലയിൽ ജലശക്തി ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്പാദിപ്പിക്കാൻ തീരുമാനമെടുത്തത്.
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി. രണ്ട് ഘട്ടങ്ങളിലായി ആണ് ഇത് പൂർത്തിയാക്കിയത്.
ആദ്യ ഘട്ടം
തറക്കല്ലിടീൽ കർമ്മത്തിന് 11935 മാർച്ച് ഒന്നിന് ഈ പ്രദേശത്തെത്തിയ ചിത്തിരതിരുനാൾ രാമവർമ്മയുടെ ഓർമ്മയ്ക്കായി ഈ പ്രദേശത്തിന് ചിത്തിരപുരം എന്ന് നാമകരണം ചെയ്ത് സ്തൂപം സ്ഥാപിച്ചത് ഇന്നും ചരിത്രസ്മാരകമായി നിലനില്ക്കുന്നു. തിരുവിതാംകൂർ രാജകുടുംബത്തിലെ എൻജിനിയറായ കെ.പി.പി.മേനോൻ്റെ നേതൃത്വത്തിലാണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി പണി ആരംഭിക്കുന്നത്.
അഞ്ചുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കിയ പള്ളിവാസല്‍ പവര്‍ഹൗസിന്റെ ഉദ്ഘാടനം 1940 മാര്‍ച്ച് 19ന് നിര്‍വഹിച്ചത് അന്നത്തെ ദിവാനായിരുന്ന സര് സി.പി.രാമസ്വാമി അയ്യരാണ്. 4.5മെഗാവാട്ട് വീതം ഉല്പാദനശേഷിയുള്ള 3 മെഷീനുകളായിരുന്നു ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
വെള്ളം ഡൈവേർട്ട് ചെയ്തു കൊണ്ട് പോകുവാൻ വേണ്ടി മൂന്നാറിൽ പെരിയാറിൻ്റെ പോഷകനദിയായ മുതിരപ്പുഴയിൽ 1944 ൽ രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട് നിർമിച്ചു. 1950 ൽ വാട്ടർ ചക്രങ്ങൾ മാറ്റിക്കൊണ്ട് 4.5 മെഗാവാട്ട് ശേഷിയിൽ നിന്ന് 5 മെഗാവാട്ടായി ഉയർത്തി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 5 മെഗാവാട്ട് ശേഷിയുള്ള മൂന്നു യൂണിറ്റുകളും പൂർത്തിയാക്കി 15 മെഗാവാട്ട് ശേഷി കൈവരിച്ചു.
രണ്ടാം ഘട്ടം
രണ്ടാംഘട്ട പദ്ധതിക്കായി വൈദ്യുതി ഉല്പാദനത്തിന് കൂടുതല്‍ ജലം ആവശ്യമായിരുന്നു. ഇതിനായി 1947ല്‍ കല്ലുവെട്ടി മെയിസന്ടിവക്കില് പണി കഴിപ്പിച്ച കുമ്പള സേതുപാര്‍വതി ഡാമും പിന്നീട് 1947ല്‍ തുടങ്ങി 1954ല്‍ പണി തീര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡാമുമായ മാട്ടുപ്പെട്ടി ഡാമും മുതിരപ്പുഴയാറിന് കുറുകെ കെട്ടിയത് പഴയ മൂന്നാറിലെ ഹെഡ് വര്‍ക്സ് ഡാമിലേക്ക് ജലം ശേഖരിച്ച് എത്തിക്കുന്നതിനുവേണ്ടിയായിരുന്നു. ഹെഡ് വര്‍ക്സ് ഡാമില്‍നിന്ന് ടണല്‍ വഴിയുള്ള വെള്ളം പെന്‍സ്റ്റോക്കുവഴി വൈദ്യുതിനിലയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞപ്പോള്‍ പവര്‍ഹൗസിന്റെ ശേഷി 37 മെഗാവാട്ടില്‍നിന്ന് 60 മെഗാവാട്ടായി ഉയര്‍ത്താന്‍ കഴിഞ്ഞു.
വൈദ്യുതി ഉത്പാദനം
പള്ളിവാസല്‍ വൈദ്യുത പദ്ധതിയില്‍നിന്ന് പുറംതള്ളുന്ന വെള്ളം 9 മീറ്റര്‍ ഉയരത്തിലേക്ക് പമ്പ് ചെയ്ത് തുരങ്കത്തിലൂടെ രണ്ടരകിലോമീറ്റര്‍ അകലെയുള്ള ചെങ്കുളം ഡാമിലേക്ക് എത്തിച്ചാണ് വെള്ളത്തുവലില്‍ ചെങ്കുളം പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് പുറംതള്ളുന്ന ജലം കല്ലാര്‍കുട്ടി ഡാമില്‍ ശേഖരിച്ചാണ് പനംകൂട്ടി പവര്‍ഹൗസ് പ്രവര്‍ത്തിക്കുന്നത്. ഇങ്ങനെ ജലത്തിന്റെ ഒരേ ഒഴുക്ക് മുതലാക്കി നാല് പവര്‍ഹൗസുകളാണ് പ്രവര്‍ത്തിക്കുന്നത്. പള്ളിവാസല്‍ പവര്‍ഹൗസ് നിര്‍മ്മിക്കുമ്പോള്‍ 9 മീറ്റര്‍ ഉയരത്തിലായിരുന്നു വച്ചിരുന്നതെങ്കില്‍ ഇവിടെനിന്ന് പുറംതള്ളുന്ന ജലം പമ്പ് ചെയ്യാന്‍ പമ്പ്സെറ്റ് പ്രവര്‍ത്തിപ്പിക്കേണ്ടി വരില്ലായിരുന്നു. ചെങ്കുളം ഡാമും മറ്റും നിര്‍മ്മിക്കാന്‍ അന്ന് സര്‍വെ ചെയ്യാതിരുന്നതാണ് ഇതിനുകാരണം. പിന്നീടാണ് ചെങ്കുളം ഡാമിനെപ്പറ്റി ആലോചിക്കുന്നത്.
1940ല്‍ ബ്രട്ടീഷ് കമ്പനിയായ ബ്രോണ്ബോവറി സ്ഥാപിച്ച പവര്‍ഹൗസിലെ മെഷീനറികള്‍ 2002ലാണ് മാറ്റിസ്ഥാപിക്കുന്നത്. 2002 മുതല്‍ കനേഡിയന്‍ കമ്പനിയായ ആള്‍സ്റ്റോമിന്റെ യന്ത്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ വൈദ്യുതി ലക്ഷ്യമിട്ട് തുടങ്ങിയ ഈ പദ്ധതിയുടെ നവീകരണമാണ് പിന്നീട് ലാവ്ലിന് കേസായി മാറിയത്.
കുതിച്ചൊഴുകുന്ന മുതിരപ്പുഴയാറിനെ തടഞ്ഞു നിർത്തുന്ന സി.പി.രാമസ്വാമി അയ്യർ ഹെഡ് വർക്സ് അണക്കെട്ട്, അവിടെ നിന്നും 3121.67 മീറ്റർ നീളമുള്ള ടണൽ വഴി തിരിച്ചുവിടുന്ന ജലം 2214.3 മീറ്റർ നീളമുള്ള നാല് പെൻസ്റ്റോക്ക് പൈപ്പുകൾ വഴി താഴേക്ക് ഒഴുക്കി പവ്വർ ഹൗസിൽ എത്തിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിയാണ് പള്ളിവാസൽ ജലവൈദ്യുതപദ്ധതി.
കടപ്പാട് : KSEB,Wikipedia,Kvartha.com,Malanadu News,DutchinKerala.com