വിദേശത്ത് വെച്ച് എഴുതിയ വിൽപത്രങ്ങൾക്ക് ഇന്ത്യയിൽ സാധുതയുണ്ടോ?
Answered on May 24,2021
വിദേശത്ത് വെച്ച് എഴുതി എന്നതുകൊണ്ട് മാത്രം അതിന് സാധുതക്കുറവില്ല. പക്ഷെ, വിൽപത്രത്തിന്റെ ഏറ്റവും വലിയ പ്രസക്തി നമ്മുടെ നിർദ്ദേശങ്ങളിൽ സ്വത്തിന്റെ സ്വാഭാവിക അവകാശികൾ തമ്മിൽ തർക്കം ഉണ്ടാകുമ്പോഴാണ്. അങ്ങനെ ഒരു സാഹചര്യം വന്നാൽ വിദേശത്ത് എഴുതിയ വിൽപത്രം നാട്ടിലെ കോടതികളിൽ തെളിയിക്കാൻ ബുദ്ധിമുട്ട് വരും. ഓരോ രാജ്യത്തെയും ആസ്തികളെ സംബന്ധിച്ച വിൽപത്രങ്ങൾ അതാത് രാജ്യത്ത് വെച്ചാകുക തന്നെയാണ് കൂടുതൽ അഭികാമ്യം.
ഇന്ത്യയിലെ വ്യക്തിനിയമം എല്ലാവർക്കും ഒരു പോലെയല്ല എന്ന് പറഞ്ഞല്ലോ. ഇന്ത്യയിലെ നിയമ വ്യവസ്ഥകൾ അംഗീകരിച്ചിരിക്കുന്ന മുസ്ലിം വ്യക്തിനിയമങ്ങൾ അനുസരിച്ച് മുസ്ലീങ്ങൾക്ക് അവരുടെ മൊത്തം സ്വത്തും വിൽപത്രത്തിലൂടെ ആളുകൾക്ക് എഴുതി നല്കാൻ സാധ്യമല്ല. ആദ്യമായി മരണാനന്തര കർമ്മ /പരലോകപുണ്യ ചെലവുകൾ, ബാധ്യതകൾ എന്നിവ ഒഴിവാക്കിയുള്ളതാണ് ആകെ സ്വത്ത്. അതിൽ തന്നെ മൂന്നിൽ ഒരു ഭാഗം സ്വത്തു മാത്രമേ സ്വാഭാവിക അവകാശികൾ അല്ലാത്തവർക്ക് എഴുതി നല്കാൻ സാധിക്കൂ. അതിൽത്തന്നെ സുന്നി നിയമപ്രകാരം വിൽപത്രത്തിൽ പറയുന്ന ഗുണഭോക്താവ് അവകാശിയാണെങ്കിൽ മറ്റ് അവകാശികളുടെ സമ്മതംകൂടി വേണം.
ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു കുടുംബങ്ങളിൽ മറ്റുള്ളവർക്ക് ചില സ്വാഭാവികമായ അവകാശങ്ങളുണ്ട്, ഇത് വിൽപത്രം വഴി മാറ്റിയെഴുതാൻ സാധിക്കില്ല.