വിൽപത്രം എഴുതിയില്ലെങ്കിൽ നമ്മുടെ ആസ്തികൾക്ക് എന്ത് സംഭവിക്കും?
Answered on May 24,2021
ആസ്തികൾ എങ്ങനെ വിഭജിക്കപ്പെടുമെന്നത് ലിംഗം, മതം, പ്രായം, വിവാഹിതരാണോ, കുട്ടികൾ ഉണ്ടോ, ഉണ്ടെങ്കിൽ ആൺകുട്ടികളാണോ പെൺകുട്ടികളാണോ, എന്നതിനെ ഒക്കെ ആശ്രയിച്ചിരിക്കും. സ്ത്രീയുടെയും പുരുഷന്റെയും സ്വത്തുക്കൾ വിഭജിക്കപ്പെടുന്നതും ഭിന്നമായിട്ടാണ്. ഹിന്ദു - മുസ്ലിം - ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിലും വ്യത്യാസമുണ്ട്. ഹിന്ദുക്കളിൽ തന്നെ കേരളത്തിലെ നിയമമല്ല മറ്റു സംസ്ഥാനങ്ങളിൽ നിലവിലുള്ളത്. കേരളത്തിൽ 1976 നവംബർ 30 ന് മുൻപും ശേഷവും ജനിച്ച കൂട്ടുകുടുബ ഹിന്ദുക്കൾക്ക് വ്യത്യസ്ത അവകാശങ്ങളാണുള്ളത്.ബഹുഭൂരിപക്ഷം ആളുകൾക്കും ഈ നിയമങ്ങളെപ്പറ്റി അറിവില്ല എന്നതാണ് വസ്തുത. മരണ ശേഷം ആസ്തികൾ പങ്കാളിക്കും മക്കൾക്കും സ്വാഭാവികമായി വന്നുചേരുമെന്ന് നമ്മൾ കരുതുന്നു. പക്ഷെ നിയമം അങ്ങനെയല്ല. നമ്മുടെ മരണശേഷം നിയമപരമായി അവകാശമുള്ളവർ ആ അവകാശം ഉന്നയിക്കും, അത് ലഭിച്ചില്ലെങ്കിൽ അവർ കോടതിയെ സമീപിക്കും. അതോടെ നമ്മുടെ കുട്ടികൾക്കും , പങ്കാളികൾക്കും സ്വത്ത് ലഭിക്കില്ലെന്ന് മാത്രമല്ല ബന്ധുക്കളുമായി കേസുണ്ടാകുകയും നല്ല ബന്ധങ്ങൾ തകരുകയും ചെയ്യും. അതുകൊണ്ട് വിൽപത്രം എഴുതിവെക്കേണ്ടത് സ്വത്തിന് മാത്രമല്ല കുടുബ സമാധാനത്തിനും പ്രധാനമാണ്.