ഒരു സ്ഥലം വാങ്ങുമ്പോൾ, ഏജൻസി ഇല്ലാതെ, നമുക്ക് തന്നെ ആധാരം എഴുതി നമ്മുടെ പേരിൽ രജിസ്റ്റർ ചെയ്യാമെന്ന് കേട്ടു.പറ്റുവോ?
Answered on June 10,2020
ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ആധാരം സ്വയം എഴുതുക എന്ന് വെച്ചാൽ പരമ്പാരഗത ആധാരമെഴുത്തുകാരെ പോലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ 19 തരം ആധാരങ്ങളുടെ കോപ്പിയുണ്ട്. അത് പി.ഡി.എഫ്.ആയി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്തഭാഗങ്ങൾ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസിൽ പോയി ആധാരം റജിസ്റ്റർ ചെയ്യാം.
പുരിപ്പിക്കാൻ അറിയില്ലെങ്കിൽ നാട്ടിൽ അറിയുന്ന ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാൽ മതി. ആധാരമെഴുത്തുകാർ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കിൽ തന്നെ പൂരിപ്പിക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താൽ മതി. പഴയത് പോലെ ആധാരത്തിൽ കാണിക്കുന്ന വിലയുടെ ശതമാനക്കണക്കിൽ പതിനായിരങ്ങൾ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പിക്കാൻ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ. ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത കേരള സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല എന്നത് ലജ്ജാകരമാണ്. ആളുകൾ കാലത്തിനൊപ്പം അപ്‌ഡേറ്റ് ആകാത്തത് നിരാശാജനകമാണ്.
ആധാരമെഴുത്തുകാരൻ ആർക്കും മനസ്സിലാകാത്ത തരത്തിൽ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സർക്കാരിന്റെ റജിസ്ട്രേഷൻ വകുപ്പിന്റെ സൈറ്റിൽ ഉള്ള ഫോം പൂരിപ്പിക്കുന്നതാണ്. എന്തിനാണു വെറുതെ ആധാരക്കൊള്ളയ്ക്ക് അരു നിൽക്കുന്നത്. ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള ഒരു ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാരമെഴുത്തുകാരൻ എന്ന രാജകീയപ്രതാപം അട്ടത്ത് വയ്ക്കാനും ബന്ധപ്പെട്ട എഴുത്തുകാർ തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷൻ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആർക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.
ശരിക്ക് പറഞ്ഞാൽ ആധാരം എഴുതാൻ എഴുത്തുകൂലി മാത്രം വാങ്ങിയാൽ മതിയായിരുന്നു. എഴുത്ത് എന്ന ഒരു അധ്വാനം മാത്രമല്ലേ അവർ ചെയ്യുന്നുള്ളൂ. അതിനാണു പതിനായിരങ്ങളും ലക്ഷവും എഴുത്ത് കൂലി വാങ്ങിക്കൊണ്ടിരുന്നത്. ഇത് ജനങ്ങളുടെ അജ്ഞത മുതലെടുത്ത് നടത്തുന്ന ആധാരക്കൊള്ളയാണ്. ആധാരങ്ങളുടെ മാതൃകാകോപ്പികൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്ത് ജനങ്ങളെ ബോധവൽക്കരിക്കാൻ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. ലിങ്കിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന വെബ്‌പേജിൽ Download Model Documents എന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ 19 ഫോമുകളുടെ ലിങ്ക് കാണാം. ആവശ്യമായതിന്റെ പ്രിന്റ് എടുത്താൽ മതി
Answered on June 07,2020
പൂർണമായും നടപ്പിലായിട്ടില്ല. ഒരു ലൈസൻസിയുടെ ആവശ്യമുണ്ട്.
Answered on June 22,2020
ആർക്കു വേണമെങ്കിലും ആധാരം എഴുതാനുള്ള അനുവാദം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട് .
ആധാരത്തിൽ ചേർക്കേണ്ട വിവരങ്ങളെല്ലാം കയ്യിലുണ്ടായിരിക്കണം. വാങ്ങാൻ ഉദ്ദേശിക്കുന്ന, അല്ലെങ്കിൽ നിങ്ങളുടെ പേരിലേക്കു മാറ്റേണ്ട വസ്തുവിന്റെ നിലവിലെ ആധാരം കൈവശം കരുതുക. മുൻപുള്ള ഉടമ ആ ആധാരത്തിൽ നിന്ന് സ്ഥലം വിറ്റിട്ടുണ്ടെങ്കിൽ അതിനുശേഷം വില്ലേജ് ഓഫിസിൽ നിന്ന് എടുത്തിട്ടുള്ള ലൊക്കേഷൻ സ്‌കെച്ച് കയ്യിൽ ഉണ്ടായാൽ നല്ലത്. ആധാരത്തിൽ ഭൂമിയുടെ വിശദാംശം ചേർക്കുമ്പോൾ കൃത്യമായ അളവ് ചേർക്കാൻ ഇത് ആവശ്യമായി വരും. ഇപ്പോഴത്തെ ആധാരത്തിൽ പറയുന്ന വസ്തുവിവര പട്ടികയിലെ തദ്ദേശസ്ഥാപനം, വീട്ടുനമ്പർ തുടങ്ങിയവയിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടെങ്കിൽ അതും അറിഞ്ഞുവയ്ക്കുക.
റജിസ്‌ട്രേഷൻ വകുപ്പിന്റെ പോർട്ടലിൽ നിന്ന് പേരിലേക്കു മാറ്റേണ്ട ഭൂമിയുടെ ന്യായവില അറിയുകയാണ് അടുത്ത പടി. ന്യായ വില എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പുതിയ വിൻഡോ തുറക്കും. അതിൽ സർവേ നമ്പർ, റീസർവേ നമ്പർ എന്നിവയും മറ്റു വിശദാംശങ്ങളും ചേർത്താൽ വസ്തുവിന്റെ സർക്കാർ നിശ്ചയിച്ച ന്യായ വില അറിയാം. പോർട്ടലിൽ കൊടുത്തിരിക്കുന്ന വിലയുടെ 10 ശതമാനം കൂടി അധികം ചേർത്താണ് പുതിയ ന്യായവില കണക്കാക്കേണ്ടത്. ആധാരത്തിൽ രേഖപ്പെടുത്തുന്ന വില ഈ ന്യായവിലയിൽ ഒരു രൂപ പോലും കുറയാൻ പാടില്ല. പക്ഷേ എത്ര വേണമെങ്കിലും കൂടാം. പണമിടപാടെല്ലാം ബാങ്ക് വഴിയായതിനാൽ ആധാരത്തിൽ വിലകുറച്ചു കാട്ടി റജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാമെന്നത് നടക്കില്ലെന്നും ഓർക്കുക. ഭൂമിയിൽ വീട്/കെട്ടിടം ഉണ്ടെങ്കിൽ അതിന്റെ പഴക്കം അനുസരിച്ചും റോഡ് സൗകര്യം അനുസരിച്ചും വില കണക്കാക്കണം. സബ് റജിസ്ട്രാർ ഓഫിസിൽ കെട്ടിടത്തിന്റെ വിശദാംശങ്ങൾ കാണിച്ചാൽ എത്ര തുക മതിപ്പു വില ഇടണമെന്ന് അറിയാം. ഇവ രണ്ടും ചേരുന്നതാണ് ആധാരത്തിൽ കാണിക്കേണ്ട തുക.
ആധാരത്തിലേക്കുള്ള വിവരണം എഴുതി തയാറാക്കുകയാണ് ആദ്യ പടി. അതിനായി മേൽപ്പറഞ്ഞ പോർട്ടലിന്റെ ഹോം പേജിൽ ഓൺലൈൻ അപേക്ഷകൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മാതൃകാ ആധാരങ്ങളും, പൂരിപ്പിക്കേണ്ട വിധവും നൽകിയിരിക്കുന്ന മറ്റൊരു വിൻഡോ തെളിഞ്ഞുവരും. അതിൽ മാതൃകാ ആധാരങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. 19 തരത്തിലുള്ള ആധാരങ്ങളുടെ ഇംഗ്ലിഷിലും മലയാളത്തിലുമുള്ള മാതൃകകൾ ഇവിടെ നിന്നു ഡൗൺലോഡ് ചെയ്തെടുക്കാം
ഇതിലെ വിവരങ്ങൾ അങ്ങനെതന്നെ കോപ്പി ചെയ്ത് കംപ്യൂട്ടറിൽ ഒരു പുതിയ വേഡ് ഫയൽ ക്രിയേറ്റ് ചെയ്ത് പേസ്റ്റ് ചെയ്ത ശേഷം നിങ്ങൾ ചേർക്കേണ്ട വിവരങ്ങൾ മാത്രം ചേർക്കുകയോ, പ്രിന്റ് എടുത്ത് കൈകൊണ്ട് വിവരങ്ങൾ എഴുതിച്ചേർക്കുകയോ ചെയ്യാം.പൂരിപ്പിക്കേണ്ട ഇടങ്ങളിലെല്ലാം മാതൃകാ ആധാരങ്ങളിൽ സ്ഥലം വിട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ കാര്യങ്ങൾ എളുപ്പവുമാണ്. അതിൽ ഇല്ലാത്ത എന്തെങ്കിലും വ്യവസ്ഥകൾ ഉഭയകക്ഷി ഇടപാടിൽ ഉണ്ടെങ്കിൽ മാത്രം അത് ചേർക്കുക. സമീപകാലത്തെ വിജ്ഞാപന പ്രകാരം നാഷനൽ ട്രസ്റ്റ് ആക്ടിലെ വ്യവസ്ഥയിലെ ഒരു വരി കൂടി ആധാരത്തിൽ ചേർക്കണം. (ഈ വ്യവസ്ഥ അപ്‌ഡേറ്റ് ചെയ്യാത്ത ആധാരമാണ് വെബ്‌സൈറ്റിൽ കിടക്കുന്നത്).
ആധാരം ചെയ്യുന്ന വസ്തുവിന്റെ വിലയുടെ നിശ്ചിത ശതമാനമാണ് മുദ്രപത്രം, റജിസ്ട്രേഷൻ എന്നീ ഇനത്തിൽ നൽകേണ്ടത്. ഓരോ ഇനം ആധാത്തിനും എത്ര ശതമാനമാണ് ഫീസ് എന്നത് പോർട്ടലിൽ ലഭ്യമാണ്. അതും ആധാരത്തിൽ ചേർക്കാനായി കണക്കുകൂട്ടി വയ്ക്കണം. (ഇതിൽ തെറ്റുവരാതെ ശ്രദ്ധിക്കുക). അത്രയും തുകയ്ക്കുള്ള മുദ്രപത്രം ഓൺലൈനായും വാങ്ങാം.
ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള മുദ്രപത്രങ്ങൾക്കാണ് നിലവിൽ ഈ സൗകര്യം. ആധാര വിവരങ്ങൾ ഓൺലൈനിൽ ചേർക്കുന്നതിന്റെ അവസാനഘട്ടത്തിൽ റജിസ്‌ട്രേഷൻ ഫീസിനൊപ്പമാണ് ഇതും അടയ്ക്കുക.(അതു താഴെ പറയുന്നുണ്ട്). അല്ലാത്തവ പരമ്പരാഗത രീതിയിൽ തന്നെ മുദ്രപത്ര വെണ്ടർമാരിൽനിന്നു വാങ്ങണം.
എഴുതി തയാറാക്കിയ ആധാരത്തിന്റെ ഒരു പകർപ്പുമായി എന്തൊക്കെ തിരുത്തൽ ആവശ്യമുണ്ടെന്ന് അറിയാൻ സബ് റജിസ്ട്രാർ ഓഫിസിലേക്ക് ചെല്ലുക. അവർ പറയുന്ന മാറ്റങ്ങൾ കുറിച്ചെടുത്ത ശേഷം തിരുത്തൽ വരുത്തി വയ്ക്കുക. ആധാരവിവരങ്ങൾ റജിസ്ട്രേഷൻ വകുപ്പിന്റെ പോർട്ടലിലേക്ക് സബ്മിറ്റ് ചെയ്യുകയാണ് അടുത്ത പടി.
How to do Property Registration in Kerala?
Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..  Click here to get a detailed guide
Aadhaaram, Pattayam, Pokkuvaravu, Databank
Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..  Click here to get a detailed guide