കുട്ടികളുടെ സംരക്ഷണത്തിന് രാജ്യത്തുള്ള നിയമങ്ങൾ എന്തൊക്കെയാണ് ?
Answered on April 06,2021
1974 ലെ കുട്ടികള്‍ക്കുവേണ്ടിയുള്ള നാഷണല്‍ പോളിസിയില്‍ പറഞ്ഞു "കുട്ടികള്‍ രാജ്യത്തിന്‍റെ പരമോന്നത പ്രാധാന്യമുള്ള സ്വത്താണ്." അതുകൊണ്ട് ദേശീയ പദ്ധതികള്‍ ഉണ്ടായപ്പോള്‍ അവരുടെ ശാരീരിക മാനസിക ധാര്‍മിക ശക്തിക്ക് കുറവുവരാത്ത പ്രേരണ നല്‍കുന്ന സാഹചര്യങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. കുട്ടികളുടെ അതിജീവനത്തിനും സംരക്ഷണത്തിനും വികസനത്തിനുംമേലുള്ള ഒരു പ്രഖ്യാപനം അംഗീകരിച്ചു. 1990-ലെ ഐക്യരാഷ്ട്രപൊതുസഭ 1992 ഡിസംബര്‍ 11-ആം തീയതി ബാലാവകാശത്തിന്മേലുള്ള ഉടമ്പടി (CRC) ഭാരതവും അംഗീകരിച്ചു. "കുട്ടികള്‍ക്ക് അനുയോജ്യമായ ഒരു ലോകം" എന്ന ശീര്‍ഷകത്തോടുകൂടിയ ഒരു പരിണത രേഖ 2002 മെയ് മാസത്തില്‍ കൂടിയ ഐക്യരാഷ്ട്ര പൊതുസഭയുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക സമ്മേളനം അംഗീകരിച്ചു. രാജ്യത്തെ ഓരോ കുട്ടിക്കും സുരക്ഷിതമായ ബാല്യം നല്‍കുക എന്നത് രാജ്യത്തിന്‍റെ കടമയാണ്. ഈ പശ്ചാത്തലത്തിലാണ് നാളിതുവരെ നിലനിന്നിരുന്ന കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങള്‍ അവലോകനം ചെയ്തും അന്താരാഷ്ട്ര നിയമങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടും സുരക്ഷിത ബാല്യത്തിന് സമഗ്രമായ ഒരു നിയമം സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്.
ഭാരത സര്‍ക്കാര്‍ കുട്ടികള്‍ക്കായുള്ള നീതിക്കായി 2000 ല്‍ "ജുവൈനല്‍ ജസ്റ്റിസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍സ് ആക്ട് 2000 എന്ന പേരില്‍ നടപ്പാക്കി. ഇതിനു വേണ്ട മാറ്റം വരുത്തി ഇപ്പോള്‍ അതേ പേരില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടിഫിക്കേഷന്‍ വഴി 2016 ജനുവരി 16-ന് നിയമം പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ഈ നിയമത്തിന്‍റെ വകുപ്പ് 2 ന്‍റെ 13-ാം ഉപവകുപ്പില്‍ പറയുന്ന നിയമത്തിന് മുമ്പില്‍ കുറ്റാരോപിതരോ, കുറ്റം ചെയ്തവരോ ആയ കുട്ടികളോ(Children in conflict with law) അഥവാ 14-ാം ഉപവകുപ്പില്‍ വരുന്ന പരിപാലനവും സംരക്ഷണവും (children in need of care and protection) ആവശ്യമായതോ ആയ 12 ഗണത്തിലുള്ള കുട്ടികളെയും ഇവരെ താമസിപ്പിക്കുവാന്‍ പറയുന്ന വകുപ്പ് 41 (2) വിലെ 1. ചില്‍ഡ്രന്‍സ് ഹോം 2.ഓപ്പണ്‍ ഷെല്‍ട്ടര്‍ 3. സ്പെഷ്യലൈസ്ഡ് അഡോപ്ഷന്‍ ഏജന്‍സി 4. ഒബ്സര്‍വേഷന്‍ ഹോം 5. സ്പെഷ്യല്‍ ഹോം 6. ഫേസ് ഓഫ് സേഫ്റ്റി എന്നീ വിഭാഗം സ്ഥാപനങ്ങളുമാണ് ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത്.
കേരളത്തിന് 1200 ഓളം കുട്ടികളുടെ സ്ഥാപനങ്ങളാണ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുക. മറ്റൊരു സംസ്ഥാനത്തുമില്ലാത്തതുപോലെ കേരളത്തില്‍ ഇത്രയും സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ കാരണം കേരളം വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും വളരെ ഉയര്‍ന്നുനില്ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് മാതാപിതാക്കള്‍ അര്‍ഹിക്കുന്നതുകൊണ്ടാണ്. കേരളത്തിലെ ബാലബാലികാഭവനങ്ങളില്‍ ആയിരിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലവും കിലോമീറ്ററുകള്‍ നടന്നുപോയി പഠിക്കുവാന്‍ സാധിക്കാത്തതിനാലും മാതാപിതാക്കള്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളില്‍ തങ്ങളുടെ കുട്ടികളെ പഠന ആവശ്യങ്ങള്‍ക്കായി എത്തിച്ചിരിക്കുന്നത്.
അപ്പോള്‍ ഒരു സ്ഥാപനം ബാലനീതി നിയമത്തിന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ കുട്ടികള്‍ എല്ലാവരുമോ ആരെങ്കിലുമോ ഈ നിയമത്തിന്‍റെ സെക്ഷന്‍ 2: 13-14 പ്രകാരം നിയമപരമായ പ്രതിസന്ധിയിലുള്ള കുട്ടികളും ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളും ആയ വിഭാഗത്തിലോ പെടുന്നവരാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
കുട്ടികളുടെ സുരക്ഷിതബാല്യത്തിനായി, അവരുടെ സാര്‍വ്വ ലൗകികമായ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി നിയമങ്ങളും ചട്ടങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുന്നത് വളരെ സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ ഈ നിയമത്തിന്‍റെ കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തുകയും ആ സ്ഥാപനങ്ങള്‍ക്ക് നിയമത്തില്‍ പറയുന്ന എല്ലാ സൗകര്യങ്ങളോടുംകൂടി പ്രവര്‍ത്തിക്കുവാന്‍ ഗവണ്‍മെന്‍റ് നേരിട്ടോ, പി.പി.പി പദ്ധതി പ്രകാരം ക്രേഡിബിള്‍ NGO കണ്ടെത്തിയോ അടിയന്തരമായി നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്.
കുട്ടികള്‍, കുട്ടികളുടെ സംരക്ഷണം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കുട്ടികളുടെ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ തുടങ്ങി ശ്രദ്ധിക്കേണ്ട ചില നിയമങ്ങളും അവരുടെ വിശകലനങ്ങളും കുട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കുവേണ്ടി പ്രസിദ്ധീകരിക്കുന്നു. ലെയോള എക്സ്റ്റന്‍ഷന്‍ സര്‍വ്വീസസ് പ്രസിദ്ധീകരിച്ച "കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും" എന്ന പ്രസിദ്ധീകരണവും ശ്രീ. പി.വി. ചാക്കോ സി.എ യുടെ ശിശുസംരക്ഷണസ്ഥാപനങ്ങളും പുതിയ ജുവനൈല്‍ ജസ്റ്റിസ് നിയമവും എന്ന ലേഖനവും ഇതിലേക്ക് ചേര്‍ക്കുവാന്‍ അനുവാദം തന്നതിന് പ്രത്യേകം നന്ദി.
കുട്ടികളുടെ അവകാശങ്ങള്‍
കുട്ടികള്‍ രാജ്യത്തിന്‍റെ അമൂല്യമായ സമ്പത്തും ഭാവിയുടെ വാഗ്ദാനങ്ങളുമാണ്. എല്ലാ രാജ്യങ്ങളും കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ഒട്ടനവധി പദ്ധതികളും പരിപാടികളുമാണ് ആസൂത്രണം ചെയ്യുന്നത്. കുട്ടികള്‍ക്കുവേണ്ടി മുതല്‍മുടക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്‍റെ ഭാവിയ്ക്ക് പ്രയോജനം ചെയ്യും. സുരക്ഷിതമായ ബാല്യം ഓരോ കുട്ടിയുടെയും അവകാശമാണ്. ഇന്‍ഡ്യന്‍ ഭരണഘടനയും ഐക്യരാഷ്ട്രസഭയും ഇത് ശരിവയ്ക്കുകയും ഇതിനായി നിയമനിര്‍മ്മാണങ്ങളും ഉടമ്പടികളും നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ സാര്‍വ്വലൗകികമായി അംഗീകരിക്കപ്പെട്ട കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും ഇതിനായി ചൈല്‍ഡ്ലൈന്‍ നല്‍കുന്ന സേവനങ്ങള്‍ തിരിച്ചറിയാനും അവശ്യസന്ദര്‍ഭങ്ങളില്‍ കുട്ടികളെ സഹായിക്കുവാനും ഓരോ പൗരനും കടമയുണ്ട്.
കുട്ടി - നിര്‍വ്വചനം
കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ ആരാണ് കുട്ടി എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 1989-ല്‍ ഐക്യരാഷ്ട്രസഭ രൂപീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ 18 വയസ്സിനു താഴെയുള്ള എല്ലാ മനുഷ്യരെയും കുട്ടികളായിട്ടാണ് നിര്‍വ്വചിച്ചിരിക്കുന്നത്. പല നിയമങ്ങളിലും കുട്ടിയുടെ പ്രായം വ്യത്യസ്തമായ രീതിയില്‍ നിര്‍വ്വചിച്ചിട്ടുണ്ട്.
കുട്ടികളുടെ അവകാശങ്ങള്‍
സുരക്ഷിത ബാല്യത്തിന് ഓരോ രാജ്യവും ഉറപ്പുവരുത്തേണ്ട അവകാശങ്ങളെക്കുറിച്ച് കുട്ടികളുടെ സാര്‍വ്വലൗകിക അവകാശ ഉടമ്പടി വ്യക്തമാക്കുന്നു. പ്രധാനമായും നാല് അവകാശങ്ങളാണവ. 1. അതിജീവനം(SURVIVAL) , 2. ഉന്നമനം (DEVOLOPMENT) 3. സംരക്ഷണം(PROTECTION) 4. പങ്കാളിത്തം(PARTICIPATION). 1992-ല്‍ ഭാരതം ഈ ഉടമ്പടി അംഗീകരിച്ചതിനാല്‍ത്തന്നെ നമ്മുടെ രാജ്യത്തിലെ കുട്ടികള്‍ക്ക് ഈ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്.
അതിജീവനാവകാശം:
ജീവിക്കുവാനുള്ള അവകാശം, മികച്ച പോഷകാഹാരത്തിനുള്ള അവകാശം, വളര്‍ച്ചയ്ക്കാവശ്യമായ ജീവിത സാഹചര്യങ്ങള്‍ ലഭ്യമാക്കുവാനുള്ള അവകാശം, ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള അവകാശം, തനിമയ്ക്കും ദേശീയതയ്ക്കുമുള്ള അവകാശം എന്നിവയാണ് ഈ ഭാഗം പ്രധാനമായും ഉള്‍ക്കൊള്ളുന്നത്.
ഉന്നമനത്തിനുള്ള അവകാശം
വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ, പരിചരണം, വികാസം, വിശ്രമം, വിനോദം, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക തുടങ്ങിയ അവകാശങ്ങളാണ് ഉന്നമനാവകാശത്തില്‍ പ്രതിപാദിക്കുന്നത്.
സംരക്ഷണാവകാശം
ഇക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഈ അവകാശത്തിന്‍റെ പരിധിയില്‍ പ്രധാനമായും ചൂഷണണം, ദുരുപയോഗം, അവഗണന, മനുഷ്യത്വരഹിതമായ പെരുമാറ്റം, യുദ്ധം, അടിയന്തിരാവസ്ഥ തുടങ്ങിയവയില്‍നിന്നുള്ള സംരക്ഷണം എന്നിവയെപ്പറ്റി സൂചിപ്പിക്കുന്നു.
പങ്കാളിത്ത അവകാശം
കുട്ടികള്‍ക്ക് അവരുടെ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം, അവര്‍ക്ക് ആവശ്യമുള്ള അറിവ് ലഭ്യമാക്കുക, അവരുടെ കാഴ്ചപ്പാടുകളെ വേണ്ട രീതിയില്‍ പരിഗണിക്കുക, മതപരമായ കാര്യങ്ങളില്‍ സ്വാതന്ത്ര്യം ഉണ്ടാകുക തുടങ്ങിയ അവകാശങ്ങളെക്കുറിച്ച് ഈ ഭാഗം വിവരിക്കുന്നു.
കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിനുവേണ്ടി 1992, 2004, 2005 എന്നീ വര്‍ഷങ്ങളില്‍ കുട്ടികള്‍ക്കായിട്ടുള്ള ദേശീയ കര്‍മ്മപദ്ധതികള്‍ക്ക് ഭാരതം രൂപം നല്‍കിയിട്ടുണ്ട്. 1995-ലും 2004-ലും കേരളവും കുട്ടികള്‍ക്കായുള്ള സംസ്ഥാന കര്‍മ്മപദ്ധതി തയ്യാറാക്കി.
കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിന് നമ്മുടെ രാജ്യത്തും സംസ്ഥാനത്തും ഒട്ടനവധി നിയമങ്ങളും നയങ്ങളും പരിപാടികളും നിലവിലുണ്ട്. ഫാക്ടറി നിയമം - 1948, ഖനിനിയമം - 1952, ദേശീയ വിദ്യാഭ്യാസ നയം - 1956, കുട്ടികള്‍ക്കായുള്ള ദേശീയ നയം - 1974, ദേശീയ ആരോഗ്യനയം - 1983, വിഭിന്നശേഷിയുള്ളവര്‍ക്കായുള്ള ദേശീയ നയം 1985, അസാന്‍മാര്‍ഗിക വ്യാപാരം തടയല്‍ നിയമം - 1985, ബാലവേല നിരോധന നിയമം - 1986, ബാലനീതി നിയമം - 2000, എന്നീ നിയമങ്ങളും സംയോജിത ശിശുവികസന പരിപാടി (ICDS), കുട്ടികളുടെ സുരക്ഷിതത്വത്തിനായുള്ള സംയോജിത പരിപാടി (ICPS), സര്‍വ്വശിക്ഷാ അഭിയാന്‍ (SSA), നിര്‍ഭയ, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ പദ്ധതികളും ചില ഉദാഹരണങ്ങള്‍ ആണ്.
കുട്ടികളുടെ സംരക്ഷണത്തിന് ഇതുവരെയുണ്ടായിരുന്ന നിയമങ്ങളുടെ അവലോകനം നടത്തിയും അന്താരാഷ്ട്ര തലത്തിലുള്ള നിയമങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടും ഭാരതത്തില്‍ രൂപപ്പെടുത്തിയ നിയമമാണ് ബാലനീതി നിയമം- 2000. ഈ നിയമം കുട്ടികളെ നിയമവുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത കുട്ടികള്‍, ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ എന്നിങ്ങനെ രണ്ടായി തരം തിരിച്ച് പ്രത്യേകം സംരക്ഷണത്തിനും പുനരധിവാസത്തിനും ആവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നു.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഭാരതസര്‍ക്കാര്‍ ലൈംഗിക അതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുക, ലൈംഗിക അതിക്രമം നടത്തുന്നവരെ ശിക്ഷിക്കുക, സാമൂഹ്യ സന്നദ്ധസംഘടനകളെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും കുട്ടികളുടെ സംരക്ഷണത്തിന് ഫലപ്രദമായി ഉപയോഗിക്കുക എന്നിവയാണ് ഈ നിയമത്തിന്‍റെ ലക്ഷ്യങ്ങള്‍.
ഭരണഘടനയും കുട്ടികളും
കുട്ടികളുടെ സംരക്ഷണം സര്‍ക്കാരിന്‍റെ കടമയാണ് എന്ന് ഭരണഘടന വ്യക്തമാക്കുന്നു. ഭരണഘടനയില്‍ കുട്ടികളുടെ സംരക്ഷണത്തിനായി അനുശാസിക്കുന്ന പ്രധാന വകുപ്പുകള്‍ താഴെച്ചേര്‍ക്കുന്നു.
14 - തുല്യതയും തുല്യനിയമസംരക്ഷണവും
15 (3) - വിവേചനങ്ങള്‍ക്കെതിരെ സംരക്ഷണം
19 - തുല്യനീതി അഭിപ്രായ സ്വാതന്ത്ര്യം
21 - ജീവിക്കാനുള്ള അവകാശം
23 - ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍നിന്ന് സംരക്ഷണം
24 - 14 വയസ്സില്‍ താഴെയുള്ള ബാലവേല നിരോധനം
25 - നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം