സ്വകാര്യ വ്യക്തിയുടെ അപകട ഭീഷണി ഉള്ള മരങ്ങൾ , ഇല വീഴുന്നതു കൊണ്ടുള്ള ശല്യം ഉള്ള മരങ്ങൾ വെട്ടി മാറ്റാൻ പഞ്ചായത്തിൽ പരാതി കൊടുത്തിട്ട് ഒരു തീരുമാനം ആയില്ല ?






നിങ്ങൾ പറഞ്ഞതിൽ നിന്നും ഇല വീഴുന്നതു കൊണ്ടുള്ള ശല്യം ആണെന്ന് തോന്നുന്നു. അങ്ങിനെയാണെങ്കിൽ ആ കൊമ്പുകൾ മുറിച്ചു മാറ്റിയാൽ പോരേ? അതിന് പഞ്ചായത്തിന് അധികാരം ഉണ്ട്. RDOക്കും ഉണ്ട്. എന്നാലും രണ്ടു സ്ഥലത്തും ഒരേ സമയം പരാതി കൊടുക്കാത്തതാണ് നല്ലത്. പഞ്ചായത്തിൽ കൊടുത്ത അപേക്ഷക്ക് കൈപ്പറ്റ് രശീതി വാങ്ങിയിട്ടുണ്ടെങ്കിൽ അതിൽ കൈകൊണ്ട നടപടി അറിയാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കാം. കൈപ്പറ്റ് രശീതി അന്ന് വാങ്ങിയിട്ടില്ലെങകിൽ ഇപ്പോൾ പുതുതായി ഒരു പരാതി നൽകുക. അതിൽ ആദ്യം പരാതി നൽകി കാര്യം സൂചിപ്പിക്കണം. ഫ്രണ്ട് ഓഫീസിൽ നൽകുന്ന എല്ലാ അപേക്ഷകൾക്കും പരാതികൾക്കും ഇപ്പോൾ പഞ്ചായത്തുകൾ കൈപ്പറ്റ് രശീതി നൽകുന്നുണ്ട്. ഈ പരാതിയിൽ നടപടി ഉണ്ടാവാത്ത പക്ഷം വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കുകയോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ഓംബുഡ്സ്മാൻ മുമ്പാകെ പരാതി നൽകുകയോ ചെയ്യാം. പിന്നെ സ്വകാര്യ വ്യക്തിയുടെ മരമാണെങ്കിൽ സ്ഥല ഉടമയോട് നേരിട്ട് പറഞ്ഞു വീടിന് മുകളിലേക്ക് നിൽക്കുന്ന കൊമ്പുകൾ മുറിച്ചു മാറ്റുന്നതാണ് പരാതിയുമായി പോകുന്നതിനേക്കാൾ എപ്പോഴും നല്ലത്.   കേരള പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 238 പ്രകാരമാണ് ഇതിൽ പഞ്ചായത്ത് നടപടി എടുക്കേണ്ടത്.     പരാതിയിൽ പറയുന്ന കാര്യം ശരിയാണ് എന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടാൽ മരത്തിന്റെ ഉടമക്ക് മരം മുറിച്ചു മാറ്റാൻ/കൊമ്പുകൾ വെട്ടിമാറ്റാൻ നോട്ടീസ് നൽകുകയും നോട്ടീസിൽ പറയുന്ന സമയപരിധിക്കുള്ളിൽ അയാൾ അപ്രകാരം ചെയ്യാത്ത പക്ഷം പഞ്ചായത്ത് നേരിട്ട് ആ പ്രവൃത്തി ചെയ്ത് ഇതിനുള്ള ചെലവ് ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യുക എന്നതാണ് നടപടി. ഇക്കാര്യത്തിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ആവശ്യമാണ്. രാഷ്ട്രീയ കാരണങ്ങൾ ഇങ്ങിനെ തീരുമാനം എടുക്കുന്നതിനെ ബാധിക്കാറുണ്ട്. പിന്നെ കേവലം കൊമ്പുകൾ മുറിച്ചു മാറ്റിയാൽ പ്രശനം പരിഹരിക്കാൻ പറ്റുമെങ്കിൽ മരം മുറിച്ചു മാറ്റാൻ ആവശ്യപ്പെടുന്നത് ശരിയല്ല.   ഏതായാലും ഇക്കാര്യത്തിൽ പഞ്ചായത്ത് കൈകൊണ്ട നടപടി അറിയാൻ വിവരാവകാശ നിയമപ്രകാരം ഒരു അപേക്ഷ കൊടുത്തു നോക്കൂ. സ്ഥല പരിശോധന റിപ്പോർട്ട്, ഉടമക്ക് നൽകിയ നോട്ടീസ്, അതിന് അയാൾ വല്ല മറുപടിയും നൽകിയിട്ടുണ്ടെങ്കിൽ അത് എന്നിങ്ങനെയുള്ള രേഖകളുടെ പകർപ്പുകളും ആവശ്യപ്പെടാം. അപ്പോൾ പഞ്ചായത്ത് സ്വാഭാവികമായും എന്തെങ്കിലും നടപടി എടുക്കും.   അപ്പോൾ പഞ്ചായത്ത് നേരിട്ട് നടപടി സ്വീകരിക്കണം. ആകയാൽ ഉടമ ഹാജരാകാത്ത സാഹചര്യത്തിൽ പഞ്ചായത്ത് രാജ് നിയമത്തിലെ വകുപ്പ് 238,240 പ്രകാരം നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷ കൂടി നൽകുകയും അതിന്റെ കൈപ്പറ്റ് രശീതി വാങ്ങുകയും ചെയ്യുക. 30 ദിവസത്തിനകം നടപടി ഉണ്ടാവാത്ത പക്ഷം ഉചിതമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും അതിന് സെക്രട്ടറി വ്യക്തിപരമായി ഉത്തരവാദിയായിരിക്കും എന്ന് കൂടി ഈ അപേക്ഷയിൽ പറയണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question